കോട്ടയം ചിങ്ങവനം: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവഞ്ചൂര്‍ കാരിക്കാവാലയില്‍ ഷെബിന്‍ മാത്യു (24) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴിന് എംസി റോഡില്‍ പള്ളത്ത് ബോര്‍മ കവലയ്ക്ക് സമീപം വെച്ചാണ് അപകടം നടന്നത്. ചിങ്ങവനം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന ബസും എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കുമാണ് ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തെ തുടര്‍ന്ന് എംസി റോഡിലുണ്ടായ ഗതാഗതതടസം ചിങ്ങവനം പൊലീസ് എത്തിയാണ് ഒഴിവാക്കിയത്. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷെബിന്‍റെ പിതാവ് ബിനോ. മാതാവ്: ഷൈനി. സഹോദരി: ഐബി. സംസ്‌കാരം പിന്നീട് നടക്കും.