ട്രൈയ്‌ലര്‍ ബ്രേക്ക് ചവിട്ടി, പിന്നിലിരുന്ന കമ്ബി കാബിനിലേക്ക് തുളച്ചുകയറി ഡ്രൈവറടക്കം നാലുപേര്‍ക്ക് ഗുരുതര പരിക്ക്



കൊച്ചി: കമ്ബി കയറ്റി വന്ന ട്രെയ്‌ലര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ കമ്ബി കാബിനിലേക്ക് തുളച്ചുകയറി ഡ്രൈവറടക്കം നാലുപേര്‍ക്ക് ഗുരുതര പരിക്ക്.

ഇന്നലെ രാത്രി എട്ടരയോടെ ദേശീയപാത 66-ല്‍ വരാപ്പുഴ ഗോപിക റീജന്‍സിക്ക് സമീപത്താണ് സംഭവം നടന്നത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറിലിടിക്കാതിരിക്കാന്‍ ട്രെയ്‌ലര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഈ സമയം കമ്ബികള്‍ ശക്തിയോടെ വന്നിടിച്ചതിനെ തുടര്‍ന്ന് കാബിന്‍ ഭാഗം ചളുങ്ങുകയും ഏതാനും കമ്ബികള്‍ തുളച്ച്‌ മറുവശത്ത് എത്തുകയും ചെയ്തു. ഞെരുങ്ങിപ്പോയ നാലുപേരില്‍ ചിലരുടെ ശരീരത്തില്‍ കമ്ബി കുത്തിക്കയറി.

നാട്ടുകാരും പോലീസും ചേര്‍ന്ന് കാബിന്‍ പൊളിച്ച്‌ പുറത്തെടുത്ത ഇവരെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലയുടെ ഭാഗത്താണ് കമ്ബി തുളച്ചുകയറിയത്. ഏലൂരില്‍നിന്ന്‌ ഫയര്‍ഫോഴ്‌സ് എത്തിയാണ് ട്രെയ്‌ലറില്‍നിന്ന്‌ കമ്ബി മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. റോഡിന്റെ മധ്യഭാഗത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


ദേശീയപാത നിര്‍മാണത്തിനായി വള്ളുവള്ളി ഭാഗത്തേക്ക് കമ്ബിയുമായി പോകുമ്ബോഴാണ് അപകടം സംഭവിച്ചത്. കരാറുകാരായ ഓറിയന്റല്‍ കണ്‍സ്ട്രക്ഷന്റെ അതിഥി തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ട്രെയ്‌ലറില്‍നിന്ന്‌ കമ്ബി റോഡിലേക്ക് ചിതറി വീഴുന്നതിനിടെ കാല്‍നട യാത്രികര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.



Post a Comment

Previous Post Next Post