കുമ്ബള: ആരിക്കാടി ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ചൊവ്വാഴ്ച പുലര്‍ചെ 6.30 മണിയോടെയാണ് അപകടം. മംഗ്ളൂറില്‍ നിന്നും കോഴിക്കോട്ട് ഗ്യാസ് സിലിന്‍ഡര്‍ ഇറക്കി ഒഴിഞ്ഞ സിലിന്‍ഡറുകളുമായി വരികയായിരുന്ന ലോറിയും ദേശീയപാത നിര്‍മാണത്തിനായി കരിങ്കല്‍ പൊടികയറ്റി വരികയായിരുന്ന ടിപര്‍ ലോറിയും തമ്മിലാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഗ്യാസ് ടാങ്കര്‍ ലോറി ഡ്രൈവര്‍ കണ്ണൂര്‍ കേളകത്തെ സതീഷ് കുമാര്‍ (54), ടിപര്‍ ലോറി ഡ്രൈവര്‍ കര്‍ണാടക ബാഗല്‍ കോട്ടെ ശിവരാജ് (30) എന്നിവരെ മംഗ്ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് സിലിന്‍ഡര്‍ ലോറി ഇടിയുടെ ആഘാതത്തില്‍ റോഡ് നിര്‍മാണത്തിന് വേണ്ടി തൂണ്‍ നിര്‍മിക്കാനായി എടുത്ത കുഴിയിലേക്ക് വീണു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും ഹൈവേ പൊലീസും കുമ്ബള പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുമ്ബളയിലെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് പരുക്കേറ്റ ഡ്രൈവര്‍മാരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയത്.