മലപ്പുറം മേലാറ്റൂർ: ചെമ്മാണിയോട് ബസ് അപകടം, മേലാറ്റൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന നിഹമത്ത് ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 7.10 ഓടെയാണ് അപകടം നടന്നത്. ചെമ്മാണിയോട് കയറ്റം കയറുന്നതിനിടെ എയർ പൈപ്പ് പൊട്ടി ബ്രേക്ക് നഷ്ടപ്പെടുക ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് പിറകോട്ട് ഇറങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ബസ്സിന് അകത്ത് ഉണ്ടായിരുന്നത്. ബസ്സിന് നിയന്ത്രണം വിട്ടെന്ന ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് ചില യാത്രക്കാർ ചാടി ഇറങ്ങുകയായിരുന്നു. ബാക്കിയുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ നാട്ടുകാർ ചേർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.