കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൻ്റെ കമാനത്തിൽ ശബരിമല തീർഥാടകരുടെ ബസ്സ് ഇടിച്ചു തകർന്നു. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുകൾഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
30 തീർത്ഥാടകർ വാഹനത്തിൽ ഉണ്ടായിരുന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ചെങ്കിലും ഫറോക്ക് പഴയ പാലത്തിൽ അപകടങ്ങൾ അവസാനിക്കുന്നില്ല. രണ്ട് ബസുകൾക്ക് ഒരേസമയം കടന്നു പോകാൻ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലം ആയിട്ടും വകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.