ആലപ്പുഴ: നിരത്തില്‍ മരണം വിതച്ച് വീണ്ടും ടോറസ് അപകടം. അമ്ബലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമുള്ള പെട്രോള്‍ പമ്ബിന് സമീപത്തുണ്ടായ അപകടത്തില്‍ ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു.
അമിതവേഗത്തിലെത്തിയ ടോറസ് സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. എടത്വാ ചങ്ങങ്കരി മുരളീസദനത്തില്‍ മുരളിധരന്‍ നായരുടെ മകള്‍ മഞ്ജുമോള്‍ എം (42) ആണ് മരണപെട്ടത്.
പൊടിയാടി സ്വകാര്യ ബാങ്കില്‍ അകൗണ്ടന്‍റായി ജോലി നോക്കുന്ന മഞ്ജുമോള്‍ രാവിലെ ഓഫീസിലേക്ക് പോകുമ്ബോഴാണ് അപകടം ഉണ്ടായത്. ടോറസ് സ്കൂട്ടറില്‍ ഇടിച്ചതോടെ മഞ്ജുമോള്‍ ടോറസിന്‍റെ പിന്‍ വീലിനടിയില്‍ പെടുകയായിരുന്നു. തലയിലൂടെ വീല്‍ കയറിയിറങ്ങിയ യുവതി തല്‍ക്ഷണം മരിച്ചു
.എടത്വാ പോലീസ് മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. മാതാവ്: ഓമന. ചമ്ബക്കുളം പോരുക്കര സ്കൂളില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസ്റ്റ് വിദ്യാര്‍ഥി ദേവിക ഏക മകളാണ്.
അതിനിടെ അപകടമുണ്ടാക്കിയ ടോറസിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് കടന്നുപോകാന്‍ പൊലീസ് സൗകര്യമൊരുക്കിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുക്കുകയായിരുന്നു. എസ്‌ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞുവെച്ചു.
തുടര്‍ക്കഥയാകുന്ന ടോറസ് അപകടങ്ങള്‍
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്ന് ടോറസ് അപകടങ്ങളിലായി നാലുപേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം പാമ്ബാടിയില്‍ ബൈക്കില്‍ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. നടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്. കെ.കെ. റോഡില്‍ പാമ്ബാടി എട്ടാംമൈല്‍ ജങ്ഷനില്‍ ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു അപകടം. പിന്നില്‍ നിന്നെത്തിയ ടോറസ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കൊച്ചി ചേരാനല്ലൂരില്‍ ദേശീയപാതയില്‍ 3 ഇരുചക്ര വാഹനങ്ങള്‍ക്കു മുകളിലൂടെ ടോറസ് ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചത് ജനുവരി ഒമ്ബതിന് രാവിലെയായിരുന്നു. ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജോലിക്കാരന്‍ പറവൂര്‍ മന്നം കുര്യാപറമ്ബില്‍ ഷംസുവിന്റെ മകന്‍ നസീബ് (38), എറണാകുളം അമൃത ആശുപത്രിയിലെ നഴ്സ് പാനായിക്കുളം ചിറയം അറയ്ക്കല്‍ വീട്ടില്‍ ആന്റണിയുടെ ഭാര്യ ലിസ ആന്റണി (38) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി സ്ഥലത്തേക്ക് പോകുമ്ബോള്‍ രാവിലെ 10.15നായിരുന്നു അപകടം.
സ്കൂള്‍ സമയം കണക്കിലെടുത്ത് രാവിലെ എട്ടു മുതല്‍ 11 വരെയും വൈകീട്ട് നാലു മുതല്‍ ആറു വരെയുമാണ് ടോറസ്-ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാന്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൂടുതല്‍ ട്രിപ്പുകള്‍ ഓടി കൂടുതല്‍ കാശ് വാങ്ങുന്നതിന് വേണ്ടിയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ അമിത വേഗത്തില്‍ ഓടുന്നത്.