അമിതവേഗതയിലെത്തിയ ജീപ്പിടിച്ച് രണ്ട് പേർക്ക് പരിക്ക്




 കോഴിക്കോട്: അമിതവേഗതയിൽ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് ബാങ്ക് മാനേജർക്കും യുവാവിനും പരിക്കേറ്റു. പുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറത്ത് സ്ഥാപിക്കുന്ന സ്വകാര്യ അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ ട്രയൽ റൺ നടത്തുന്നതുമായി ബന്ധപ്പെട്ട് ജീപ്പിലെത്തിയവരെ പ്ലാന്റിനെതിരെ സമരം നടത്തുന്നവർ ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ നിർത്താതെ അമിതവേഗത്തിൽ സ്ഥലം വിടുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കാവുംപുറം പള്ളിക്ക് സമീപമെത്തിയപ്പോൾ പള്ളിയിൽനിന്നും ഇറങ്ങിവരികയായിരുന്ന ജംഷാദി (37) നെ ഇടിച്ചു നിർത്താതെ പോയ ജീപ്പിനെ നാട്ടുകാർ പിൻതുടർന്നു.


അമിത വേഗതയിൽ സഞ്ചരിച്ച ജീപ്പ് താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം വെച്ച് എതിർ ദിശയിൽ വരികയായിരുന്ന താമരശ്ശേരി കനറാബാങ്ക് ബ്രാഞ്ച് മാനേജർ കെ.വി. ശ്രീകുമാർ (37) സഞ്ചരിച്ച ബൈക്കിന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ശ്രീകുമാറിന് പരിക്കേറ്റു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം ജീപ്പിനെ പിൻതുടർന്നു വന്നവർ താമരശേരി ടൗണിൽ വെച്ച് ജീപ്പിലുണ്ടായിരുന്നവരുമായി കയ്യേറ്റമുണ്ടായി.

മർദ്ദനത്തിൽ പരിക്കേറ്റ ജീപ്പിൽ സഞ്ചരിച്ച മുക്കം സ്വദേശി നിധീഷ്, പുത്തൂർ അമ്പലക്കണ്ടി സ്വദേശി മുഹമ്മദലി എന്നിവർ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ അഭയംതേടി. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post