പൊഖാറ (നേപ്പാൾ): നേപ്പാളിലെ പൊഖാറയിൽ ആഭ്യന്തര വിമാനം തകർന്ന് 64 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞതിനാൽ ആളുകളെ തിരിച്ചറിയാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. മരണസംഖ്യ ഉയരാനാണ് സാധ്യത.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഇന്ന് രാവിലെ 10.33ന് നാല് ജീവനക്കാരും അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടെ 72 പേരുമായി പുറപ്പെട്ട യെതി എയർലൈൻസ് വിമാനം ലാൻഡിങ്ങിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പൊഖാറയിൽ വച്ച് അഗ്നി വിഴുങ്ങുകയായിരുന്നു.
'ഞങ്ങൾ 31 മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോഴും 33 മൃതദേഹങ്ങൾ തോട്ടിൽ നിന്ന് പുറത്തെടുക്കുകയുണ്ടായി. ടൂറിസ്റ്റ് ടൗണിലെ വിമാനത്താവളത്തിന് സമീപമുള്ള രണ്ട് കുന്നുകൾക്കിടയിലെ തോട്ടിൽ രക്ഷാപ്രവർത്തകർക്ക് എത്താൻ പ്രയാസമാണെന്നും' പോലീസ് ഉദ്യോഗസ്ഥൻ അജയ് കെ.സി മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിന്റെ പകുതിയും മലഞ്ചെരുവിലാണ്, വിമാനം തകർന്ന് മിനിറ്റുകൾക്ക് ശേഷം താൻ സൈറ്റിൽ എത്തിയതായി പ്രദേശവാസിയായ അരുൺ തമു പറഞ്ഞു. ബാക്കി പകുതി സേതി നദിയുടെ തോട്ടിൽ വീണു.
വിമാനം അടുത്തുവരുന്നത് താൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീക്ഷിക്കുകയായിരുന്നുവെന്ന് പ്രദേശവാസി ഖും ബഹാദൂർ ഛത്തേരി പറഞ്ഞു. വിമാനം ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്നത് ഞാൻ കണ്ടു. പെട്ടെന്ന് അതിന്റെ മൂക്ക് ഡൈവ് ചെയ്യുകയും അത് തോട്ടിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. പ്രദേശവാസികൾ ആദ്യം രണ്ട് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കൂടുതൽ സംഘങ്ങളും രക്ഷാപ്രവർത്തകരും എത്തി.
തകർന്ന മലഞ്ചെരുവിൽ നൂറുകണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്. അപകടമുണ്ടായ മലഞ്ചെരുവിലെ ഗ്രൗണ്ട് തീയുടെ അഗ്നിനാളങ്ങളിൽ കരിഞ്ഞുപോയതായും അദ്ദേഹം വ്യക്തമാക്കി.
1992ന് ശേഷമുള്ള നേപ്പാളിലെ ഏറ്റവും വലിയ വിമാന അപകടമാണിതെന്ന് ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്ക് വ്യക്തമാക്കി. 2000 മുതൽ രാജ്യത്ത് വിമാന അപകടങ്ങളിൽ 309 പേരാണ് ഇതിനകം മരിച്ചത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിമാന ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ സർക്കാർ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും നേപ്പാൾ ധനമന്ത്രി ബിഷ്ണു പൗഡൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അപകടത്തിൽ പെട്ട യെതി വിമാനത്തിന് 15 വർഷത്തെ പഴക്കമുണ്ടെങ്കിലും അപകട കാരണം വ്യക്തമല്ല. ഇന്നത്തെ കാലാവസ്ഥ തെളിഞ്ഞതായിരുന്നുവെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ വക്താവ് ജഗന്നാഥ് നിരൗല പറഞ്ഞു. എന്തായാലും തുടർ അന്വേഷണങ്ങളിലൂടെ മാത്രമേ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവൂ-അദ്ദേഹം വ്യക്തമാക്കി.
പഴയ ട്രാൻസ്‌പോണ്ടറാണ് വിമാനത്തിൽ സജ്ജീകരിച്ചതെന്ന് ഫ്‌ലൈറ്റ് റഡാർ 24 പറഞ്ഞു. 'ഞങ്ങൾ ഉയർന്ന മിഴിവുള്ള ഡാറ്റ ഡൗൺലോഡ് ചെയ്യുകയും ഡാറ്റയുടെ ഗുണനിലവാരം പരിശോധിച്ചുവരികയാണെന്നും വിദഗ്ധൻ പറഞ്ഞു.
അതിനിടെ, വിമാനത്തിന് ആകാശത്തുവച്ചു തന്നെ തീപിടിച്ചതായും തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമാണെന്നുമാണ് റിപ്പോർട്ട്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് ദുരന്തമുണ്ടായതെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പൊഖാറ വിമാനത്താവളത്തിൽ കിഴക്കു പടിഞ്ഞാറ് ദിശയിലാണ് റൺവേ നിർമിച്ചിരിക്കുന്നത്.
ആദ്യം പൈലറ്റ് കിഴക്ക് ദിശയിൽ ലാൻഡിങ് ആവശ്യപ്പെടുകയും അനുമതി നൽകുകയും ചെയ്തു. പിന്നീട് പടിഞ്ഞാറൻ ദിശയിൽ ഇറങ്ങാൻ അനുമതി ചോദിച്ചതോടെ വീണ്ടും അനുമതി നൽകി. എന്നാൽ ലാൻഡിങ്ങിന് പത്തു സെക്കൻഡ് മുമ്പ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 64 പേരുടെ മൃതദേഹമാണ് ലഭിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിലാണ്.
പത്തനംതിട്ടയിലെ ആനിക്കാട് നിന്നുപോയ അഞ്ചംഗ നേപ്പാള്‍ സംഘത്തിലെ മൂന്നുപേര്‍ക്കാണ് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്.
45 വര്‍ഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക് എത്തിയവരായിരുന്നു ഇവര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചുപേരും മാത്യു ഫിലിപ്പിന്റെ വീട്ടിലെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷമുള്ള മടക്കയാത്രയിലാണ് സംഘത്തിലെ മൂന്നുപേര്‍ വിമാനാപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഒന്നിച്ചാണ് അഞ്ചുപേരും നേപ്പാളിലേക്ക് മടങ്ങിയത്. എന്നാല്‍ അപകടത്തിന് തൊട്ടുമുമ്ബ് സംഘത്തിലെ ദീപക്ക് തമാങ്, സരണ്‍ എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അവര്‍ ഇരുവരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.