ഓട്ടോറിക്ഷകളില്‍ വരികയായിരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം; 12 വിദ്യാര്‍ഥികള്‍ക്കും 2 ഡ്രൈവര്‍മാര്‍ക്കും കുത്തേറ്റു



കാസര്‍കോട്:  ഓട്ടോറിക്ഷകളില്‍ വരികയായിരുന്ന സ്‌കൂള്‍ കുട്ടികളെ കടന്നല്‍ ആക്രമിച്ചു..

12 വിദ്യാര്‍ഥികള്‍ക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കുമാണ് കടന്നല്‍ കുത്തേറ്റത്. ചെമ്മനാട് വെസ്റ്റ് ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആദം അബു (ആറ്), സൈനബ് (ഏഴ്), ഫാത്വിമത് സുഹ്‌റ (ആറ്), അഹ്‌മദ്‌ സുബൈര്‍ (ഏഴ്), മുഹമ്മദ് റിനാദ് (ഏഴ്), ആഇശ നസീറ (ആറ്), ഫാത്വിമ (ഏഴ്), ആഇശ (11), അഫ്‌റാന്‍ അഹ്‌മദ്‌ (ഒന്‍പത്), ആമിന (എട്ട്), ഫാത്വിമത് സഹ്ബിയ്യ (11), മുഹമ്മദ് റാഹില്‍ (ഏഴ്), ഡ്രൈവര്‍മാരായ ഹകീം, ഹാരിസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കീഴൂരില്‍ നിന്നും ചെമ്മനാട് സ്‌കൂളിലേക്ക് ഓടോറിക്ഷയില്‍ വരുന്നതിനിടയിലാണ് കടന്നല്‍ ആക്രമിച്ചത്. ചെമ്ബരിക്ക റേഷന്‍ കടയ്ക്ക് അടുത്ത് വെച്ചായിരുന്നു സംഭവം. കടന്നല്‍ കുത്തേറ്റിട്ടും ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്താതെ ഓടിച്ച്‌ കുട്ടികളെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതില്‍ ഹകീമിനാണ് കടന്നല്‍ കുത്ത് കൂടുതല്‍ കൊണ്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഡ്രൈവര്‍മാരുടെ മനസാന്നിധ്യമാണ് വലിയ രീതിയിലുള്ള അപകടം ഒഴിവാക്കിയത്.

Post a Comment

Previous Post Next Post