മലപ്പുറം പെരിന്തൽമണ്ണ: തൂതപ്പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ചെർപ്പുളശ്ശേരി ഇരുപത്തിയാറാം മൈലിൽ താമസിക്കുന്ന മുഹമ്മദ് അശ്റഫ് (50) ആണ് മുങ്ങി മരിച്ചത്. കച്ചേരിക്കുന്ന്, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽ ലോട്ടറി വിൽപന നടത്തിവരുന്നയാളാണ് അശ്റഫ്. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കാണ് തൂത ജുമാ മസ്ജിദിനും അമ്പലത്തിനുമിടക്ക് പുഴയിൽ ഒരാൾ മുങ്ങിയതായി പ്രദേശവാസികൾ കണ്ടത്. തുടർന്ന് പോലീസും, ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരുമെത്തി തിരച്ചിൽ നടത്തുകയായിരുന്നു.