മലപ്പുറം : അരീക്കോട് പോലീസിൻ്റെ ജീപ്പ് അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് നാല് മണിയോടെ അരീക്കോട് എടവണ്ണ റൂട്ടിലെ പാലപ്പറ്റ ഭാഗത്താണ് അപകടമുണ്ടായത്. അരീക്കോട് പോലീസിൻ്റെ കറുത്ത ഗൂർഖ ജീപ്പ് പാലപ്പറ്റ വളവിൽ തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിസാര പരിക്കുകളോടെ അദ്ധേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂർണ്ണമായും തകർന്നിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസ് ഇൻസ്പെക്ടറെ എടവണ്ണയിൽ ഇറക്കി തിരിച്ച് വരുന്നതിനിടെയാണ് അപകടം. ശക്തമായ മഴയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് വിശദീകരിച്ചു. നേരത്തെയും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അമിത വേഗതയിലാണ് പോലീസ് വാഹനം സഞ്ചരിക്കാറുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു.
അതേ സമയം ഇന്ന് രാവിലെയും അരീക്കോട് പോലീസിൻ്റെ വാഹനം അപകടത്തിൽ പെട്ടു എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വെള്ള ബൊലേറ ജീപ്പിൻ്റെ ഫോട്ടോയും, വിവരണവും അടിസ്ഥാന രഹിതമാണെന്ന് അരീക്കോട് സ്റ്റേഷൻ അറിയിച്ചു.