ആലപ്പുഴ അരൂർ: ദേശിയ പാതയിൽ ചന്തിരൂർ പാലത്തിനു സമീപം മത്സ്യം കയറ്റി കൊണ്ടുവരുകയായിരുന്ന വാനും പെരുമ്പാവൂരിൽ നിന്ന് ചേർത്തല ഭാഗത്തേക്കു മടങ്ങിയ വാനും കൂട്ടിയിടിച്ച് ഡ്രൈവറടക്കം മൂന്നു പേർക്ക് പരുക്ക് പറ്റി. ചന്തിരൂർ പാലത്തിന് തെക്കുഭാഗത്ത് ദേശീയ പാതയിൽ നാലുവരിപ്പാതയുടെ പടിഞ്ഞാറു വശത്തു കൂടെ വടക്കുദിശയിൽ അരൂർ ഭാഗത്തേയ്ക്കു വന്നുകൊണ്ടിരുന്ന മത്സ്യം കയറ്റിയ വാൻ മുമ്പിലുണ്ടായിരുന്ന കാറിന്റെ പുറകിൽ തട്ടുകയും നിയന്ത്രണം തെറ്റി മീഡിയൻ ഭേദിച്ച് കിഴക്കുഭാഗത്തുകൂടെ തെക്കുദിശയിലേക്കു സഞ്ചരിച്ചിരുന്ന വാനിലേയ്ക്ക് ഇടിച്ചു കയറി മറിയുകയുമാണ് ഉണ്ടായത്.
പെരുമ്പാവൂരിലേക്ക് മര ഉരുപ്പടികൾ എത്തിച്ച ശേഷം തിരികെ ആലപ്പുഴ ഭാഗത്തേക്കു മടങ്ങുന്ന അമേയ എന്ന വാനിലേക്കാണ് മീൻ വണ്ടി നിയന്ത്രണം തെറ്റി ഇടിച്ചത്. അപകടത്തിൽ മീൻ വണ്ടിയുടെ ഡ്രൈവറടക്കം മൂന്നു പേർക്ക് പരുക്ക് പറ്റി ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. അരൂരിലെ പോലീസ് സേനയും ഫയർ & റെസ്ക്യൂ സർവീസ് സേനയും സംഭവ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.