പെരുമ്ബാവൂര്‍ : എംസി റോഡില്‍ പുല്ലുവഴിയില്‍ ജീപ്പിടിച്ചു വഴിയാത്രക്കാരനും ബൈക്ക് യാത്രക്കാരനുമുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
പെരുമ്ബാവൂരിലെ മര വ്യവസായിയായ പുല്ലുവഴി ഗ്രേസ് കോട്ടേജില്‍ കെ.വി. സാമുവേല്‍ (65), കോട്ടയം മുണ്ടക്കയം ചിറ്റടി താഴയ്ക്കല്‍ സോബിന്‍ തോമസ്(31) എന്നിവരാണു മരിച്ചത്. ശനിയാഴ്ച രാത്രി പുല്ലുവഴി യൂണിയന്‍ ഓഫീസിനു സമീപമായിരുന്നു അപകടം. സാമുവേല്‍ സംഭവസ്ഥലത്തും സോബിന്‍ ഇന്നലെ ആശുപത്രിയിലുമാണു മരിച്ചത്.
നിയന്ത്രണംവിട്ട ജീപ്പ്, നടക്കാനിറങ്ങിയ സാമുവേലിനെ ഇടിച്ചശേഷം എതിര്‍വശത്തുകൂടി വരികയായിരുന്ന ബൈക്കിടിച്ചു തെറിപ്പിച്ചു സമീപത്തെ വീടിന്‍റെ ഗേറ്റ് തകര്‍ത്ത് കാര്‍ പോര്‍ച്ചില്‍ ഇടിച്ചാണു നിന്നത്. പരിക്കേറ്റ സോബിനെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെയാണ് സാമുവല്‍ റോഡിലെ കാനയില്‍ കിടക്കുന്നതു കണ്ടത്. ഉടന്‍
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ജീപ്പ് ഓടിച്ചിരുന്ന പുല്ലുവഴി സ്വദേശി അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടു. ഇദ്ദേഹം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. രാത്രി നടക്കാനിറങ്ങുന്ന പതിവ് സാമുവേലിനുണ്ട്. ഭാര്യ: ആലീസ് ചെങ്ങന്നൂര്‍ മൂലക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഗ്രേയ്സ്, ജസ്റ്റസ്, ജോയ്സ്. മരുമക്കള്‍: ലിജോ സ്കറിയ, ലിന്‍സി ജസ്റ്റസ്, ജോയല്‍. സംസ്കാരം ബുധനാഴ്ച ഇരിങ്ങോള്‍ ബ്രദറന്‍ അസംബ്ലിയുടെ ചൂണ്ടക്കുഴിയിലെ സെമിത്തേരിയില്‍ നടക്കും.സോബിന്‍ തോമസിന്‍റെ സംസ്കാരം ഇന്ന് രണ്ടിന് വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന പള്ളിയില്‍ നടക്കും. പിതാവ്: ടി.സി.സിബി , അമ്മ: മോളി സിബി. സഹോദരന്‍: റോബിന്‍ തോമസ്.