കണ്ണൂർ പയ്യന്നൂര്‍: ദേശീയപാതയില്‍ വെള്ളൂരിൽ ടാങ്കർ ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ പ്രവാസിയും തയ്യൽ തൊഴിലാളിയുമായ സി. ഗണേശന്റെയും സരിതയുടേയും മകന്‍ എന്‍.വി.അര്‍ജുന്‍(19)നാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 മണിയോടെ വെള്ളൂർ പോസ്റ്റോഫീസ് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. ക്ഷേത്ര ഉത്സവത്തിന് പോയി
പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടി.എൻ.30. ബിജെ.7199 നമ്പർ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ അഗ്നിരക്ഷാസേന ഗുരുതരമായി പരിക്കേറ്റ അര്‍ജുനനെ ഉടൻ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മംഗലാപുരത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് കോളേജിൽ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അര്‍ജുന്‍ ഇന്നലെ രാത്രിയാണ് നാട്ടിലെത്തിയത്. ചീമേനിക്കടുത്ത സുഹൃത്തിന്റെ കൂടെ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തശേഷം പയ്യന്നൂർ എടാട്ടെ അമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. സഹോദരൻ: ആദിത്യൻ (വിദ്യാർത്ഥി). പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.