ഇടുക്കി: വണ്ണപ്പുറത്ത് ഗൃഹനാഥനെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനാണ് മരിച്ചത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അയൽവാസി രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തടിപ്പണി തൊഴിലാളിയായിരുന്ന ജോബിൻ ഭാര്യയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ഒറ്റയ്ക്കായിരുന്നു താമസം. പുലർച്ചെ ജോബിനെ അന്വേഷിച്ച് വീട്ടിലെത്തിയ അയല്‍വാസിയാണ് വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്.
ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കാളിയാര്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ജോലിയ്ക്കു ശേഷം ജോബിനും സുഹൃത്ത് രാജീവുമായി മദ്യപിച്ചതിനു ശേഷം വാക്കേറ്റമുണ്ടായതായാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്.
രാജീവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബു ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജോബിന്റെ കഴുത്തിനും കൈക്കും വെട്ടേറ്റിട്ടുണ്ട്.
ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്ത് എത്തി. കസ്റ്റഡിയിൽ എടുത്ത അയൽവാസിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.