കാസർകോട് ബേക്കൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാര്‍ഥി ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു.
പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ശുഐബ് (16) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്ബതുമണിയോടെ കടലില്‍ കാണാതായ ശുഐബിന്റെ മൃതദേഹം 11 മണിയോടെയാണ് കണ്ടെത്തിയത്.
പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും, സഹോദരനും നോക്കിനില്‍ക്കെ ശുഐബിനെ തിരമാലയില്‍പെട്ട് കാണാതാവുകയായിരുന്നു. ബേക്കല്‍ പൊലീസ്, തീരദേശ പൊലീസ്, അഗ്നിശമനസേന എന്നിവര്‍ തിരച്ചില്‍ നടത്തുന്നതിനിടെ ശക്തമായ തിരമാലയില്‍ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.
ഉടന്‍ ബേക്കല്‍ പൊലീസ് ജീപില്‍ ഉദുമ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.