വാഹനത്തില്‍ നിന്നെറിഞ്ഞ മാലിന്യം വീണ് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരുക്ക്



പത്തനംതിട്ട: വാഹനത്തില്‍ നിന്ന് എറിഞ്ഞ മാലിന്യം ശരീരത്തു വീണ് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച യുവതി വീണ് പരിക്കേറ്റു.

പ്രക്കാനം തൊട്ടുപുറത്ത് ആണ് സംഭവം . അന്യസംസ്ഥാന തൊഴിലാളികള്‍ വാഹനത്തില്‍ നിന്നും എറിഞ്ഞ് കളഞ്ഞ മാലിന്യമാണ് സ്കൂട്ടര്‍ യാത്രക്കാരിയായ റിന്റു ബെന്നിയുടെ ശരീരത്തില്‍ വീണത് . തുടര്‍ന്ന് മാലിന്യവുമായി വന്ന പിക്കപ്പ് വാഹനം തടഞ്ഞ് നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു.


ശനിയാഴ്ച്ച രാവിലെ 8. 30 നാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാനില്‍ നിന്നും മാലിന്യം പുറത്തേക്ക് എറിഞ്ഞത്.

അപ്രതീക്ഷിതമായി നെഞ്ചത്ത് ഏറ് കൊണ്ട താന്‍ പെട്ടന്ന് സ്കൂട്ടര്‍ നിര്‍ത്തിയെങ്കിലും റോഡിലേക്ക് വീണു പോയെന്ന് പ്രദേശ വാസിയായ റിന്റു ബെന്നി  പറഞ്ഞു.യുവതിയുടെ ദേഹത്ത് തട്ടി റോഡില്‍ വീണ മാലിന്യ സഞ്ചി ഉടന്‍ തന്നെ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞ് കളഞ്ഞു. 


സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ വാഹനം തടഞ്ഞ് ഇലവുംതിട്ട പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. തൊട്ടുപുറം പ്രദേശത്ത് കക്കൂസ് മാലിന്യം അടക്കം കൊണ്ട് തള്ളുന്നത് നിത്യ സംഭവമാണെന്നും സി സി ടി വി നിരീക്ഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


Post a Comment

Previous Post Next Post