കണ്ണീര്‍ക്കടലായി മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ വിദ്യാലയം; തേങ്ങലുമായി നാടും നാട്ടുകാരും



പാലക്കാട് വടക്കഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരിച്ച 5 വിദ്യാര്‍ത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ വൈകുന്നേരം 3 മണിയോടെ പൊതുദര്‍ശനത്തിന് വെച്ചു

മന്ത്രിമാരായ ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ കെ.ബാബു, അനൂപ് ജേക്കബ്, പി.വി. ശ്രീനിജിന്‍. മുന്‍ എംഎല്‍എമാരായ എം.സ്വരാജ്, എം.ജെ. ജേക്കബ്, വി.പി.സജീന്ദ്രന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

കുരുന്നുകളുടെയും അധ്യാപകന്റെയും വേര്‍പാടില്‍ മുളന്തുരുത്തിയും തിരുവാണിയൂരും ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. മരിച്ചവര്‍ എല്ലാവരും ഈ രണ്ടു പ്രദേശങ്ങളില്‍ ഉള്ളവരാണ്.മരിച്ച 9 പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ജന്മനാടുകളിലേക്ക് കൊണ്ടുപോയി.4 പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേരുടെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. വിനോദയാത്ര പോയ സംഘത്തിന്റെ ബസില്‍ 42 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും കെഎസ്‌ആര്‍ടിസി ബസില്‍ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.നിലവില്‍ രണ്ട് പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയിലുള്ളവരുടെ പരുക്ക് ഗുരുതരമല്ല.

എറണാകുളത്തു നിന്നു പുറപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ കായികാധ്യാപകന്‍ മുളന്തുരുത്തി ഇഞ്ചിമല വടത്തറയില്‍ കുട്ടപ്പന്റെ മകന്‍ വി.കെ.വിഷ്ണു (33), തൃപ്പൂണിത്തറ ഉദയംപേരൂര്‍ വലിയകുളം അഞ്ജനം വീട്ടില്‍ അജിത്തിന്റെ മകള്‍ അഞ്ജന അജിത്ത് (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തില്‍ രാജേഷ് ഡി.നായരുടെ മകള്‍ ദിയ രാജേഷ് (15), മുളന്തുരുത്തി അരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടില്‍ സി.എം.സന്തോഷിന്റെ മകന്‍ സി.എസ്.ഇമ്മാനുവല്‍ (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയില്‍ വീട്ടില്‍ പി.സി.തോമസിന്റെ മകന്‍ ക്രിസ് വിന്റര്‍ ബോണ്‍ തോമസ് (15), എറണാകുളം തിരുവാണിയൂര്‍ വണ്ടിപ്പേട്ട ചെമ്മനാട് വെമ്ബിലമട്ടത്തില്‍ വീട്ടില്‍ ജോസ് ജോസഫിന്റെ മകള്‍ എല്‍ന ജോസ് (15) എന്നിവരാണ് മരിച്ചത്.


അധ്യാപകന്റെയും എല്‍ന ജോസ് ഒഴികെ മറ്റു വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. നാളെയാണ് എല്‍ന ജോസിന്റെ സംസ്‌കാരം.കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരായ കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യന്‍കുന്ന് ശാന്തി മന്ദിരത്തില്‍ ഓമനക്കുട്ടന്റെ മകള്‍ അനുപ് (22), കൊല്ലം പുനലൂര്‍ മണിയാര്‍ ധന്യഭവനില്‍ ഉദയഭാനുവിന്റെ മകന്‍ യു.ദീപു (26), തൃശൂര്‍ നടത്തറ കൊഴിക്കുള്ളി ഗോകുലത്തില്‍ രവിയുടെ മകന്‍ രോഹിത് രാജ് (24) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.



ഉല്ലാസ യാത്രയുടെ ആഹ്ലാദം പങ്കിട്ട് ചിത്രങ്ങള്‍ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ച്‌ മണിക്കൂറുകള്‍ക്കകം നടുക്കുന്ന വാര്‍ത്ത; തുരുത്തിക്കരയിലെ വീട്ടില്‍ നിന്ന് ഇന്നലെ വൈകിട്ട് ദിയ പോയത് ഉല്ലാസവതിയായി; വടക്കേഞ്ചേരി ദുരന്തത്തില്‍ തുരുത്തിക്കരയിലെ ദമ്ബതികള്‍ക്ക് നഷ്ടമായത് ഏകമകള്‍

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഏറെയും മുളന്തുരുത്തി, തിരൂവാണിയൂര്‍ പ്രദേശക്കാരാണ്. നാടാകെ ഈ ദുരന്തത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയേസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴും പലരും വിങ്ങി പൊട്ടി. സ്‌കൂളിലെ കായിക അദ്ധ്യാപകനും പത്താം ക്ലാസിലെ മൂന്നു വിദ്യാര്‍ത്ഥികളും പ്ലസ്ടുവിലെ രണ്ടു വിദ്യാര്‍ത്ഥികളുമാണ് അപകടത്തില്‍ മരണമടഞ്ഞത്. ഇവരടക്കം 42 പേരാണ് വിനോദയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. ഉല്ലാസ യാത്ര ആയതുകൊണ്ട് തന്നെ എല്ലാവരും കളിചിരികളുമായി സന്തോഷത്തിലായിരുന്നു. ഒറ്റരാത്രി കൊണ്ട് ആ സ്‌ന്തോഷം പാടേ ഇല്ലാതാക്കി ഒരുമരവിപ്പ് മാത്രമായി. മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തില്‍ രാജേഷ് ഡി.നായരുടെ മകള്‍ ദിയ രാജേഷും (15) ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരില്‍ പെടുന്നു.


യാത്രയുടെ ചിത്രങ്ങള്‍, ദിയ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുത്തിരുന്നു. മുളന്തുരുത്തി തുരുത്തിക്കര രാജേഷ് സിജി ദമ്ബതികളുടെ ഏകമകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദിയ രാജേഷ്. രാത്രി പത്ത് മണിക്ക് വീട്ടുകാര്‍ക്ക് വാട്ട്‌സ് ആപ്പില്‍ ഫോട്ടോ അയച്ച്‌ സംസാരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് ദിയയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത്

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദിയ രാജേഷ് തുരുത്തിക്കരയിലെ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞ് പോയത്. ശനിയാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ദിയയുടെ ജീവനില്ലാത്ത ശരീരമാണ് തുരുത്തിക്കരയിലെ വീട്ടിലേക്ക് എത്തിയത്. അയല്‍വാസികള്‍ക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു ദിയ.


ദിയയുടെ അച്ഛന്‍ രാജേഷ് കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ കരാര്‍ ജീവനക്കാരനാണ്. അമ്മ സിജി. ഇവരുടെ ഏകമകളാണ് ഇല്ലാതായിരിക്കുന്നത്. ഈ മാതാപിതാക്കളെ എങ്ങനെ

ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴലുകയാണ് ഉറ്റവരും നാട്ടുകാരും

.


.കുഞ്ഞനിയന് കളിപ്പാട്ടം വാങ്ങിനല്‍കാമെന്ന് പറഞ്ഞു പോയ ചേട്ടന്‍ വന്നത് ചേതനയറ്റ ശരീരമായി


എല്‍കെജി വിദ്യാര്‍ത്ഥിയായ കുഞ്ഞനിയന് കളിപ്പാട്ടം വാങ്ങിനല്‍കാമെന്ന് വാക്കുപറഞ്ഞായിരുന്നു അപകടത്തില്‍ മരിച്ച ഇമ്മാനുവേല്‍ യാത്ര പോയത്.

പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ഇമ്മാനുവേല്‍. 17 വയസായിരുന്നു. 


കളിപ്പാട്ടം കാത്തിരുന്ന കുഞ്ഞനിയന്റെ മുന്നിലേക്ക് ചേതനയറ്റ ശരീരമായാണ് ഇമ്മാനുവേല്‍ തിരിച്ചെത്തുന്നത്. അപകട വിവരം അറിഞ്ഞയുടന്‍ ഇമ്മാനുവേലിന്റെ പിതാവ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ഇമ്മാനുവേലിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കും

.



Post a Comment

Previous Post Next Post