ആലുവ: പെരുമ്ബാവൂര്‍ ദേശസാല്‍കൃത റോഡില്‍ കുട്ടമശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍
കുട്ടമശ്ശേരി ചൊവ്വരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത് അന്തര്‍ സംസ്ഥാന തൊഴിലാളികളായ റഫീഖുല്‍ ഹഖ്, അന്‍സാറുല്‍ ഹഖ് എന്നിവരാണ്. സംഭവം നടന്ന സ്ഥലത്തിന് സമീപം പച്ചക്കറി കട നടത്തുന്ന ഇവര്‍ ഇതിനടുത്ത് തന്നെയാണ് താമസിക്കുന്നതും. വാഹനങ്ങള്‍ കൂട്ടിയിടിച്ചപ്പോളുണ്ടായ വലിയ ശബ്ദം കേട്ട ഇവര്‍ ഉണര്‍ന്ന് ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു.
ഇതിനുശേഷമാണ് നാട്ടുകാരും ഓടിയെത്തിയത്. മൂന്നുമണിയോടെ ഓട്ടോറിക്ഷയും ഈക്കോ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആലുവയില്‍ നിന്നും പോഞ്ഞാശ്ശേരിയിലേക്ക് പോവുകയായിരുന്ന വാനും ഓട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ ഷാജിയുടെ കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് എറണാകുളം പള്ളുരുത്തി സ്വദേശി ഷാജി (51) മരിച്ചത്. പോഞ്ഞാശേരി അല്‍ ഫുര്‍ഖാന്‍ ഇസ്‌ലാമിക് കോളജിലെ മുഹമ്മദ് ഷിബിലി (23), ഹിബത്തുല്ല മുഹമ്മദ് (24), മുഹമ്മദ് അമീന്‍ (27), കെ.എ.അസറുദ്ദീന്‍ (23) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഷിബിലിയുടെ തലക്കാണ് പരിക്കേറ്റത്. ഹിബത്തുല്ല, അസറുദ്ദീന്‍ എന്നിവര്‍ക്ക് മുഖത്താണ് പരിക്കേറ്റത്. അസറുദ്ദീന്‍റെ മൂക്കിനും പരിക്കേറ്റു. മുഹമ്മദ് അമീന്‍റെ തലക്കും കൈക്കും പരിക്കേറ്റു. ഇവരെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ ഓടിയെത്തിയവരും പൊലീസും ചേര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.