ഇടുക്കി: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പാറയിടുക്കില്‍ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു.
മധ്യപ്രദേശ് സ്വദേശിയായ സുദര്‍ശനനാണ്(27) മരിച്ചത്. അടിമാലി പീച്ചാട് സ്വകാര്യ എസ്‌റ്റേറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം.
തൊഴിലാളികളെല്ലാം തോട്ടത്തിലെത്തി ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാനയെത്തിയത്. ഇതോടെ തൊഴിലാളികളെല്ലാം ഭയന്ന് ഓടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന സുദര്‍ശനനെ കാണാതായതോടെ തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് പാറയിടുക്കില്‍ വീണ് കുടുങ്ങി കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ പാറയിടുക്കില്‍ നിന്ന് രക്ഷിച്ച് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സുദര്‍ശനന്‍ മരിച്ചു. സുദര്‍ശനന് ആനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടോയെന്ന് പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷമെ പറയാനാകൂവെന്ന് അടിമാലി പൊലീസ് പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇരട്ടയാര്‍ സ്വദേശി ബെര്‍ണബാസ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.