ലക്നൗ: ദേഹമാസകലം പരിക്കേറ്റ് സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തുന്നതിന്‍റെ തിരക്കില്‍ ഒരു കൂട്ടം ആളുകള്‍.
ഉത്തര്‍പ്രദേശിലെ കനൗജിലാണ് ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച. ഞായറാഴ്ച വീട്ടില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തലയിലുള്‍പ്പെടെ മുറിവുകളുമായി കണ്ടെത്തിയത്.
പരിക്കേറ്റ പെണ്‍കുട്ടി അവളുടെ രക്തം പുരണ്ട കൈകള്‍ നീട്ടി സഹായത്തിനായി കൈ നീട്ടുമ്ബോള്‍ അതവഗണിച്ച് ചുറ്റുംകൂടി നില്‍ക്കുന്ന പുരുഷന്‍മാര്‍ ഈ ദൃശ്യം തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതിനിടയില്‍ ആരോ പൊലീസിനോ അറിയിച്ചോ എന്നും ചോദിക്കുന്നുണ്ട്. മറ്റൊരാള്‍ പൊലീസ് മേധാവിയുടെ നമ്ബര്‍ ചോദിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ സഹായിക്കാന്‍ ശ്രമിക്കാതെ ചിത്രീകരണം തുടരുകയാണ്. പിന്നീട് പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ സഹായിച്ചത്. പൊലീസുകാരന്‍ കൈകളിലെടുത്താണ് കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.
"പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി, ലോക്കല്‍ പൊലീസ് അവളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു," പൊലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.