മുഖ്യമന്ത്രി പിണറായി വിജയന് എസ്കോര്‍ട്ട് വന്ന ഫയര്‍ഫോഴ്‌സ് വാഹനം അപകടത്തില്‍പ്പെട്ടു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ നെടുമ്ബാശ്ശേരിയില്‍ നിന്ന് ആലുവ പാലസിലേക്ക് വരുമ്ബോഴായിരുന്നു അപകടം.
അതേദിശയില്‍ വന്ന കണ്ടെയിനര്‍ ലോറിയിലാണ് ഇടിച്ചത്. ആലുവ ദേശത്ത് വച്ചായിരുന്നു അപകടം. ആര്‍ക്കും സാരമായ പരിക്കില്ല. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രി മടങ്ങുമ്ബോള്‍ മറ്റൊരു ഫയര്‍ഫോഴ്‌സ് വാഹനം സുരക്ഷക്കൊരുക്കിയാണ് യാത്ര തുടര്‍ന്നത്.
ഇന്ന് വൈകിട്ട് ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശംസകളറിയിച്ചത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മന്‍ചാണ്ടി വിശ്രമിക്കുന്നത്.
ഇന്ന് അദ്ദേഹത്തിന്റെ എഴുപത്തിയൊന്‍പതാം പിറന്നാളാണ്. പല മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഇന്ന് പകല്‍ പല സമയങ്ങളിലായി ആലുവ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു
.
തുടര്‍ന്നാണ് വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുമെത്തിയത്. 06.15ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി ആലുവ പാലസിലെത്തിയത്. അതിനുശേഷം പതിനഞ്ച് മിനിറ്റ് നേരം ഉമ്മന്‍ചാണ്ടിയുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംഭാഷണം നടത്തി.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അടുത്ത ദിവസം ജര്‍മ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പോകാനിരിക്കെ അത്തരം കാര്യങ്ങളൊക്കെത്തന്നെ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മുഖ്യമന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.