തിരുവനന്തപുരം/ചെറുതോണി/തിരൂര്‍:
സംസ്‌ഥാനത്ത് വിവിധയിടങ്ങളിലായുണ്ടായ അപകടങ്ങളില്‍ രണ്ട് കുട്ടികള്‍ അടക്കം നാലു പേര്‍ മുങ്ങിമരിച്ചു.
മലയിന്‍കീഴ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി പേയാട് ആല്‍ത്തറക്കോണം അരുണ്‍ നിവാസില്‍ ജോസ് പ്രകാശ്, ഷീന സുന്ദരം ദമ്ബതികളുടെ മകന്‍ അരുണ്‍ ജോസ് (17), തൃക്കണ്ടിയൂര്‍ അങ്കണവാടിയുടെ സമീപം താമസിക്കുന്ന കാവുങ്ങപറമ്ബില്‍ നൗഷാദ്-നജില ദമ്ബതികളുടെ മകന്‍ അമന്‍ സയാന്‍(മൂന്ന്), ബന്ധുവും അയല്‍വാസിയുമായ പാറപ്പുറത്ത് ഇല്ലത്തുപറമ്ബില്‍ റഷീദ് റയ്‌ഹാനത്ത് ദമ്ബതികളുടെ മകള്‍ ഫാത്തിമ റിയ(മൂന്നര), മുരിക്കാശേരി മാര്‍സ്ലീബാ കോളജിലെ ബി.എസ്‌സി ജിയോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥി പത്തനംതിട്ട അത്തിക്കയം ചിറപ്പുറത്ത് അഭിജിത്ത്(20) എന്നിവരാണു മരിച്ചത്.
മലയിന്‍കീഴ് അപകടം കുളത്തില്‍വീണ ചൂണ്ടയെടുക്കാനുള്ള ശ്രമത്തിനിടെ
കൂട്ടുകാരോടോത്ത് കുളത്തില്‍ മീന്‍പിടിക്കാന്‍ എത്തിയ ഏഴംഗ സംഘത്തിലൊരാളായിരുന്നു അപകടത്തല്‍ മരിച്ച അരുണ്‍ ജോസ്. മലയിന്‍കീഴ് മാറനല്ലൂര്‍ കണ്ടല കരുമണ്‍കുളത്തിലാണ് ഇന്നലെ ഉച്ചക്ക് ഒന്നേകാല്‍ മണിയോടെ അപകടം. വിദ്യാര്‍ഥിസംഘം ഇന്നലെ ഉച്ചയോടെയാണ് മീന്‍ പിടിക്കാനായി എത്തിയത്. ഇവിടെ കരയിലും കുളത്തിലുമായി മൊബൈലില്‍ സെല്‍ഫിയും പകര്‍ത്തി. ഇതിനിടെ ചൂണ്ട അടിത്തട്ടില്‍ കുടുങ്ങുകയും ഇത് മാറ്റാനായി അരുണ്‍ ജോസ് മുങ്ങുകയും ചെയ്‌തു. നീന്തല്‍ അറിയാത്ത അരുണ്‍ അടിതെറ്റി കുളത്തിന്റെ ആഴത്തിലേക്ക് താണു പോയി. മുങ്ങിയ അരുണിനെ കാണാതായതോടെ
കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ നിലവിളിച്ചു. കൂട്ടുകാരില്‍ ആര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. നാട്ടുകാരാണു പോലീസിനേയും അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിച്ചത്. ഒരുമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മത്സ്യകൃഷി ചെയ്‌തിരുന്ന കുളമാണ് കരുമണ്‍ കുളം. ഇപ്പോള്‍ കുളവും പരിസരവും കാടുമൂടിയ നിലയിലാണ്.
കുട്ടികള്‍ കുളത്തില്‍ വീണത് ഓടിക്കളിക്കുന്നതിനിടെ
തിരൂരില്‍ കുളത്തില്‍ വീണു മരിച്ച കുട്ടികള്‍ അപകടത്തില്‍പ്പെട്ടത് വീട്ടുവളപ്പില്‍ ഓടിക്കളിക്കുന്നതിനിടെ. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണു സംഭവം. സമീപത്തെ അങ്കണവാടിയില്‍നിന്നു വീട്ടിലെത്തി ഓടിക്കളിക്കുന്നതിനിടെ അമന്‍ സയാന്‍, ഫാത്തിമ റിയ എന്നിവരെ പെട്ടെന്നു കാണാതാവുകയായിരുന്നു.
വീട്ടുകാരും അയല്‍വാസികളും കുട്ടികളെ അന്വേഷിച്ചുചെന്നപ്പോള്‍ ഇരുവരും കുളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊതുകുളത്തിന്റെ ചുറ്റിലും മതില്‍ കെട്ടി ഗേറ്റ് വച്ചിരുന്നെങ്കിലും കുട്ടികളെ കാണാതായ സമയത്ത് തുറന്നു കിടക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്‌റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ആദില്‍, നാജില്‍ എന്നിവര്‍ ഫാത്തിമ റിയയുടെ സഹോദരങ്ങളാണ്.
ചെറുതോണിയില്‍ അപകടത്തില്‍പ്പെട്ടത് ദന്തഡോക്‌ടറെ കാണാനെത്തിയ വിദ്യാര്‍ഥി
ചെറുതോണി: ഇന്നലെ ഉച്ചക്ക് 12.30 നായിരുന്നു ചെറുതോണിയിലെ അപകടം. അഭിജിത്തും മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ദന്തഡോക്‌ടറെ കാണുന്നതിനാണു ചെറുതോണിയിലെത്തിയത്. ഡോക്‌ടറെ കാണുന്നതിനു താമസമുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്ന് മൂന്നുപേരും ചെറുതോണിയാറ്റില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
വെള്ളത്തില്‍ മുങ്ങിപോയ അഭിജിത്തിനെ രക്ഷിക്കാന്‍ കഴിയാത്തിനെത്തുടര്‍ന്ന് കൂട്ടുകാര്‍ ബഹളം വച്ചു. അഭിജിത്തിനെ ഫയര്‍ഫോഴ്‌സും, പോലീസും നാട്ടുകാരും ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പത്തനംതിട്ട സ്വദേശിയായ അഭിജിത്ത് മുരിക്കാശേരിയില്‍ പേയിങ് ഗസ്‌റ്റായി നിന്ന് പഠിക്കുകയായിരുന്നു. പിതാവ് ഭാഗ്യനാഥന്‍ പത്തനംതിട്ടയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ്. മാതാവ് സീത വിദേശത്ത് ജോലി ചെയ്യുകയാണ്. സഹോദരി അപര്‍ണ. ഇടുക്കി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.