ഇടുക്കി തൊടുപുഴ: വിദ്യാര്‍ഥികളുമായി മടങ്ങിയ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഓടിച്ചിരുന്ന വ്യാപാരി മരിച്ചു.
തൊടുപുഴ ഏഴല്ലൂര്‍ കവലയില്‍ പലചരക്ക് വ്യാപാരിയായ കടുവാക്കുഴിയില്‍ കെ.വി. ബൈജു (51) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4.45 ഓടെ ഏഴല്ലൂര്‍ ശാസ്‌താവ് റോഡിലാണ് അപകടം. തൊടുപുഴ ജയ്‌റാണി സ്‌കൂളിന്റെ ബസും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ ബൈജുവിന്റെ തലയില്‍ കൂടി ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ബൈജു സംഭവ സ്‌ഥലത്ത് വച്ച് തന്നെ മരിച്ചു. ഏഴല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പി സ്‌റ്റോഴ്‌സ് എന്ന സ്വന്തം സ്‌ഥാപനത്തിലേക്ക് പോകുകയായിരുന്നു ബൈജു. ബൈജുവിന്റെ വീടിന് നൂറ് മീറ്റര്‍ മാത്രം അകലെയാണ് അപകടം നടന്ന സ്‌ഥലം. ു
വളവ് തിരിഞ്ഞ് എത്തിയ ബസ് ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ഓടിക്കൂടിയവര്‍ ബൈജുവിനെ മറ്റൊരു വാഹനത്തില്‍ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ബസിനുള്ളില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ഇവരെ മറ്റൊരു വാഹനത്തില്‍ വീടുകളിലെത്തിച്ചു. സംഭവമറിഞ്ഞ് തൊടുപുഴ എസ്.ഐ. ബൈജു.പി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: തുളസി ഇഞ്ചിയാനി കുളത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ജിഷ്‌ണു (എന്‍ജിനീയര്‍ കൊച്ചിന്‍ റിഫൈനറി), ചിപ്പി (ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥി, കൊല്ലം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.