മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു
യുവാവിനെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കടുങ്ങാത്തുകുണ്ട് ടൗൺ ജി.എൽ.പി സ്കൂളിന് പിൻവശത്തെ
കിണറ്റിലാണ് വടകര സ്വദേശികളായ കളരികണ്ടിയിൽ സത്യന്റെയും ഷൈമയുടേയും മകൻ തേജസിനെ (21) മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് ആറരയോടെ യുവാവിനെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കല്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രാത്രി എട്ടുമണിയോടെ കിണറ്റിന്റെ കരയിൽ ചെരുപ്പും എല്ലാവർക്കും നന്ദിയെന്ന കുറിപ്പും കണ്ടു. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തിരൂരിൽനിന്ന് അസി. ഫയർസ്റ്റേഷൻ ഓഫീസർ പി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും കല്പകഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്ലസ്ടു പാസ്സായ തേജസ് എൻട്രൻസ് പരീക്ഷയെഴുതിയിരുന്നുവെങ്കിലും സീറ്റ് കിട്ടിയിരുന്നില്ല. പിതാവ് സത്യൻ കാലിക്കറ്റ് സർവകലാശാല യിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ്. മാതാവ് ഷൈമ വൈലത്തൂർ സപ്ലൈകോ മാവേലി സ്റ്റോറിൽ അസി. മാനേജരാണ്. ഇവർക്ക് ജില്ലയിൽ ജോലിയുള്ളതിനാൽ ഇവർ കടുങ്ങാത്ത്കുണ്ടിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. ശ്രേയയാണ് സഹോദരി . സംഭവത്തെക്കുറിച്ച് കല്പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.