പാലക്കാട് :ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ജിഷ്ണുവാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സുഹൃത്തിനോടൊപ്പം ജിഷ്ണു പുഴയിലിറങ്ങിയത്. തുടർന്നാണ് ഒഴുക്കിൽപ്പെട്ട് ഇയാളെ കാണാതായത്.
ഒഴുക്കിൽപ്പെട്ട ജിഷ്ണുവിനുവേണ്ടി ഷൊർണൂർ അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും രാത്രി ഒരുമണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു. ഇന്നുരാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ക്രിട്ടിക്കൽ കെയർ പ്രവർത്തകരായ നിഷാദ് ഷൊർണൂർ, സക്കറിയ എന്നിവർ അഗ്നിരക്ഷാസേനാ സംഘത്തോടൊപ്പം തിരച്ചിലിൽ പങ്കാളികളായി. സ്കൂബ സംഘം സ്ഥലത്തെത്തിയിരുന്നു. ഇവർ തിരച്ചിലിനായി പുഴയിലേക്ക് ഇറങ്ങും മുൻപെ അഗ്നിരക്ഷ സേനയും ക്രിട്ടിക്കൽ കെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം കണ്ടെത്തി.
ജോലിയുടെ ഭാഗമായാണ് ചങ്ങനാശേരിയിൽനിന്ന് യുവാവ് ഷൊർണൂരിലെത്തിയത് രാവിലെ 9.30ഓടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ഷൊർണൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും